കൂട്ടബലാത്സംഗ പരാതി; 19-കാരി പോലീസിനെ വട്ടംകറക്കിയത് മണിക്കൂറുകൾ

നാഗ്പുർ: വ്യാജ കൂട്ടബലാത്സംഗ പരാതി നൽകി 19-കാരി പോലീസിനെ വട്ടംകറക്കിയത് മണിക്കൂറുകൾ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. വാനിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോയെന്നും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതോടെ നഗരത്തിലെ പോലീസ് സേന ഒന്നാകെ പ്രതികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചു.

മണിക്കൂറുകൾക്ക് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തപ്പോൾ വ്യാജ പരാതി നൽകാനിടയായതിന്റെ കാരണവും വ്യക്തമായി. കാമുകനെ വിവാഹം കഴിക്കാനായാണ് ഇത്തരമൊരും നാടകം കളിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. എന്നാൽ വ്യാജ ബലാത്സംഗ പരാതി നൽകി എങ്ങനെയാണ് കാമുകനെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് 19-കാരി നാഗ്പുരിലെ കലാമ്ന പോലീസ് സ്റ്റേഷനിൽ എത്തുന്നത്. രാവിലെ സംഗീതപഠന ക്ലാസിലേക്ക് പോകുന്നതിനിടെ ചിഖാലി സ്ക്വയറിന് സമീപം വെളുത്തനിറത്തിലുള്ള വാനിലെത്തിയ രണ്ടുപേർ വഴി ചോദിച്ചെന്നും ഇവർ തന്നെ വാനിലേക്ക് പിടിച്ചുവലിച്ച് കയറ്റിയെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നും പിന്നീട് മറ്റൊരിടത്ത് ഇറക്കിവിട്ടെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

പെൺകുട്ടിയുടെ പരാതി കേട്ടതോടെ പോലീസ് സംഘം ഉടനടി ഉണർന്നുപ്രവർത്തിച്ചു. കലാമ്ന പോലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം സിറ്റി പോലീസിനും മറ്റു സ്റ്റേഷനുകളിലേക്കും കൈമാറി.

പട്ടാപ്പകൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയായതിനാൽ പോലീസ് കമ്മീഷണറടക്കം കേസിൽ ഇടപെട്ടു. നാഗ്പുർ കമ്മീഷണർ അമിതേഷ് കുമാർ, അഡീഷണൽ കമ്മീഷണർ സുനിൽ ഫുലരി തുടങ്ങിയ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചെത്തി.

വിപുലമായ അന്വേഷണം, പരിശോധിച്ചത് 250-ലേറെ സിസിടിവികൾ

പെൺകുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ 40 പ്രത്യേക സംഘങ്ങളെയാണ് പോലീസ് കമ്മീഷണർ അന്വേഷണത്തിനായി നിയോഗിച്ചത്. ഏകദേശം ആയിരത്തിലേറെ പോലീസുകാർ ഇതിലുൾപ്പെട്ടിരുന്നു. ഈ സംഘങ്ങൾ നഗരത്തിലെ സിസിടിവി ക്യാമറകളും വാനുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഏകദേശം 250-ലേറെ സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പെൺകുട്ടിയുടെ ചില സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യംചെയ്തു. ഇതിനിടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി നഗരത്തിലെ മായോ ആശുപത്രിയിലേക്കും മാറ്റി.

അന്വേഷണം ആരംഭിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷമാണ് കൂട്ടബലാത്സംഗ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനിടെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അമ്പതിലേറെ പേരെ ചോദ്യംചെയ്യുകയും ചെയ്തു.

പെൺകുട്ടി നഗരത്തിലൂടെ നടന്നുപോയ സിസിടിവി ദൃശ്യങ്ങൾ ഓരോ ക്യാമറകളിൽനിന്നും കൃത്യമായി ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. 9.50-നാണ് പെൺകുട്ടി നാഗ്പുരിലെ വറൈറ്റി സ്ക്വയറിൽ ബസിറങ്ങിയത്. 10 മണിക്ക് ഝാൻസി റാണി സ്ക്വയറിലേക്ക് നടന്നു. 10.15 ന് ആനന്ദ് ടാക്കീസ് സ്ക്വയറിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി 10.25 ന് മായോ ആശുപത്രിയിലെത്തി. പിന്നീട് ഇവിടെനിന്ന് ഓട്ടോയിൽ കയറി 10.54 ന് ചിഖാലി സ്ക്വയറിൽ എത്തി. 11.04 ന് ഒരു പെട്രോൾ പമ്പിന് സമീപത്തുകൂടെ പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

കൂട്ടബലാത്സംഗം നടന്നതായി പറഞ്ഞ സമയത്തെല്ലാം പെൺകുട്ടി നഗരത്തിലുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 19-കാരിയെ വിശദമായി ചോദ്യംചെയ്യാൻ പോലീസ് തീരുമാനിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പരാതി വ്യാജമാണെന്നും കാമുകനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനും വിരാമമായി. അതേസമയം, പെൺകുട്ടിയുടെ പദ്ധതി എന്തായിരുന്നുവെന്നത് സംബന്ധിച്ച് പോലീസ് പൂർണമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.