20 മണിക്കൂറിന് 80 ലക്ഷം; പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ ചിപ്സൺ ഏവിയേഷന്

തിരുവനന്തപുരം ∙ പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ ചിപ്സൺ ഏവിയേഷന്. പ്രതിമാസം 20 മണിക്കൂർ പറക്കാൻ കമ്പനി ക്വാട്ട് ചെയ്തത് 80 ലക്ഷം രൂപ. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. 3 വർഷത്തേക്കാണ് 6 സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കു എടുക്കുന്നത്.

ചിപ്സൺ ഏവിയേഷൻ, ഒഎസ്എസ് എയർ മാനേജ്മെന്റ്, ഹെലിവേ ചാട്ടേഴ്സ് എന്നീ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കായി സേവനം നൽകുന്ന കമ്പനികളാണിത്. പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ് അഡീ.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് വിലയിരുത്തിയത്.

തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പവൻഹാൻസ് കമ്പനിയിൽനിന്ന് ടെൻഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വർഷത്തേക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.

ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടി പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കൊറോണയെ തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് ഒക്ടോബർ മാസത്തിലാണ് നടപടികൾ ആരംഭിച്ചത്.