പട്ടാപ്പകല്‍ യുവാവിനെ വീട് കയറി വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തി, നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മം​ഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വധശ്രമം ഉൾപ്പടെ അടിപിടി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും.

ഗുണ്ടാനേതാവ് രാജേഷിന്‍റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്. സുധീഷ് ഒളിച്ച് താമസിച്ചിരുന്ന പോത്തൻകോട് കല്ലൂരിൽ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗംസംഘം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു.

സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിന്റെയും കാൽ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം ബൈക്കിലും ഓട്ടോറിക്ഷയിലുമായി രക്ഷപ്പെടുകയായിരുന്നു.ഈ വാഹനങ്ങൾ ഇന്നലെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലും പോത്തൻകോട്ടും കഴക്കൂട്ടത്തും വ്യാപകമായ വാഹന പരിശോധന പോലീസ് നടത്തിയിരുന്നു. പ്രതികൾ ഒളിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.