മൊഫിയ പർവീണിന്റെ ആത്മഹത്യ; കോണ്‍ഗ്രസുകാര്‍ക്കെതിരേ തീവ്രവാദ പരാമര്‍ശം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ആലുവ: ആലുവയിലെ നിയമവിദ്യാർഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരംചെയ്ത യൂത്ത് കോൺഗ്രസുകാർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട രണ്ട് പോലീസുകാർക്കെതിരേ നടപടി. എസ്ഐ വിനോദ്, ഗ്രേഡ് എസ്ഐ രാജേഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ തയ്യാറാക്കിയതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട് സിഐ സുധീറിനെതിരേ നടന്ന സ്റ്റേഷൻ ഉപരോധ സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അൽ അമീൻ, അനസ്, നജീബ് എന്നീ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

പ്രവർത്തകർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചതിനെതിരേ കോൺഗ്രസ് നേതാക്കൾ രംഗത്തുവരുകയും അൻവർ സാദത്ത് എംഎൽഎ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരം കാര്യങ്ങൾ പരിശോധിച്ച് ഡിവൈഎസ്പി പ്രാഥമിക റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ നോട്ടക്കുറവ് ഉണ്ടായതിന് എസ്എച്ച്ഒയോടും വിശദീകരണം തേടി. വിഷയത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് മുനമ്പം സിഐയെയും ചുമതലപ്പെടുത്തി. കേസിൽ മൂന്ന് പ്രതികൾക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.