സ്വപ്‌ന സുരേഷ് ഓഫിസില്‍ കയറിയിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാത്തതെന്തെന്ന് സിപിഎം ഏരിയ കമ്മിറ്റിയിൽ വിമര്‍ശനം

തിരുവനന്തപുരം: വിവാദ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഓഫിസില്‍ കയറിയിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാത്തതെന്തെന്ന് സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റിയിൽ വിമര്‍ശനം. ഏരിയ കമ്മിറ്റി ഓഫിസില്‍ ഇതുപോലെ ആരെങ്കിലും വന്നാല്‍ ഏരിയ സെക്രട്ടറി അറിയില്ലേയെന്ന് കമ്മിറ്റിയിൽ ചോദ്യമുയർന്നു.

കെ-റെയില്‍, കെ-ഫോണ്‍ പദ്ധതികളിൽ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് അകറ്റണം. പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് ബിജെപിക്കാരാണ്. ബിജെപിക്കാര്‍ക്കെതിരെ കേസ് കൊടുത്താല്‍ പാര്‍ട്ടിക്കാരെയും പ്രതികളാക്കും. ഇതിന് നിയന്ത്രണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്‌സി, എസ്ടി ഫണ്ട് തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. തിരുവനന്തപുരം നഗരസഭയിൽ അഴിമതിയെന്ന് ജനത്തിന് സംശയമുണ്ട്. ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ പ്രതി സാജ് കൃഷ്ണയെ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണം.

ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത എസ്.എസ്.രാജാലാലിനെ മാറ്റണമെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. സി.കെ.ദിനേശ് കുമാറിനെ സെക്രട്ടറിയാക്കണം എന്നായിരുന്നു ഭൂരിപക്ഷ നിലപാട്. എന്നാൽ, ആവശ്യം നിഷേധിച്ച നേതൃത്വം രാജാലാലിനെ വീണ്ടും സെക്രട്ടറിയാക്കി.