ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ചിത്രം പകര്‍ത്തിയ സംഭവം: ഒന്നാം പ്രതി പിടിയിൽ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മരുതുംകര തൊട്ടിൽപ്പാലം പാറമ്മേൽ വട്ടക്കൈത വീട്ടിൽ വിജിലേഷിനെ(30) യാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റുചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യചിത്രമാണ് വിജിലേഷ് ഭീഷണിപ്പെടുത്തി പകർത്തിയത്.

പെൺകുട്ടിയുമായി വിജിലേഷ് വീഡിയോ ചാറ്റിങ് നടത്തിയിരുന്നു. ഇത് രഹസ്യമായി സ്ക്രീൻ റെക്കോഡ് ചെയ്തു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ചാറ്റിംഗിനിടെ തന്‍റെ നമ്പരിലേക്ക് നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ പെൺകുട്ടിയെ ഇയാൾ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഫേസ്ബുക്ക്, ഗൂഗിൾ അധികൃതരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ കോഴിക്കോടെത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലേഷിന്‍റെ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം, അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ എം.മഹേഷ് (33)നെ നേമം പള്ളിച്ചലിൽനിന്ന് നവംബർ ആദ്യം അറസ്റ്റുചെയ്തിരുന്നു. സമാനമായ കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരേ മറ്റ് ജില്ലകളിലും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്. സിറ്റി പോലീസ് കമ്മിഷണർ ഐ.ജി.ബൽറാം കുമാർ ഉപാദ്ധ്യായയുടെ നിർദേശ പ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ രൂപവത്കരിച്ചായിരുന്നു അന്വേഷണം.