വിമാനത്താവളങ്ങളിൽ സ്വർണം പിടികൂടിയ ശേഷം കള്ളക്കടത്തു റാക്കറ്റിനോടു വിലപേശൽ; 15 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിൽ കള്ളക്കടത്തു സ്വർണം പിടികൂടിയ ശേഷം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ കള്ളക്കടത്തു റാക്കറ്റിനോടു വിലപേശിയ 15 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണവും വിമാനത്താവളങ്ങളിൽ തെളിവെടുപ്പും നടത്തുന്നത്.

വിമാനത്താവളങ്ങളിൽ കള്ളക്കടത്തു സാധനങ്ങൾ കണ്ടെത്താൻ കസ്റ്റംസ് വകുപ്പ് സ്ഥാപിച്ചിട്ടുള്ള എക്സ്റേ സ്കാനർ പ്രവർത്തിപ്പിക്കുന്ന 15 ഉദ്യോഗസ്ഥരാണ് അന്വേഷണ പരിധിയിലുള്ളത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 3 ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയാണ് എല്ലാ വിമാനത്താവളങ്ങളിലും പ്രിവന്റീവ് വിഭാഗം വ്യാപകമായ അന്വേഷണവും തെളിവെടുപ്പും നടത്തുന്നത്.

കടത്തുകാർ കൊണ്ടുവരുന്ന കള്ളക്കടത്തു സ്വർണം ഒളിപ്പിച്ച ബാഗ് സ്കാനറിൽ കുടുങ്ങുമ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യാതെ ബാഗ് പിടിച്ചുവച്ച ശേഷം കാരിയറെ മാത്രം പുറത്തേക്കു വിട്ടാണ് ഇവർ വിലപേശലിനു വഴിയൊരുക്കുന്നത്. കാരിയർ വിവരം അറിയിക്കുമ്പോൾ കള്ളക്കടത്തു റാക്കറ്റുതന്നെ ഉദ്യോഗസ്ഥനുമായി നേരിട്ടു വിലപേശി ‘ഗോൾഡ് ഡീൽ’ ഉറപ്പിക്കുകയാണു പതിവ്.

കടത്തിക്കൊണ്ടു വരുന്ന സ്വർണത്തിന്റെ നേർപകുതി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുണ്ടെന്നു ചില കടത്തുകാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. പിടികൂടി വിട്ടുകൊടുക്കുന്ന സ്വർണത്തിന്റെ വീതംവയ്പു നടക്കുന്നതു വിമാനത്താവളത്തിനു പുറത്താണ്. ഇതിനായി ഏജന്റുമാരെ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുണ്ട്.

വിട്ടുകൊടുക്കൽ വിഹിതം പണമായി വാങ്ങുന്നതിലെ ‘റിസ്ക്’ ഒഴിവാക്കാൻ സ്വർണാഭരണങ്ങളായി വാങ്ങുന്നതായിരുന്നു ആദ്യകാലത്തെ പതിവ്. എന്നാൽ ചെമ്പു കൂടുതൽ കലർത്തി മാറ്റു കുറഞ്ഞ സ്വർണത്തിൽ ആഭരണം നിർമിച്ചു നൽകി കള്ളക്കടത്ത് റാക്കറ്റ് തിരിച്ചും കബളിപ്പിച്ചു തുടങ്ങിയതോടെ പണമായി വിഹിതം കൈപ്പറ്റാൻ തുടങ്ങി.

സമീപ വർഷങ്ങളിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു രാജ്യത്ത് ഏറ്റവും അധികം കള്ളക്കടത്തു സ്വർണം പിടികൂടിയ എൻഫോഴ്സ്മെന്റ് ഏജൻസിയാണു കേരളത്തിലെ കസ്റ്റംസ്. എന്നാൽ ഉദ്യോഗസ്ഥരുടെ ‘ഗോൾഡ് ഡീൽ’ പുറത്തറിയുന്നതു മാനക്കേടായതിനാൽ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവരാതെ ശ്രദ്ധിച്ചാണു വകുപ്പിനുള്ളിൽ വ്യാപകമായ അന്വേഷണം നടക്കുന്നത്.

ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിയൊരുക്കിയ തിരുവനന്തപുരം നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു പിടിക്കപ്പെട്ടശേഷമാണു ഗോൾഡ് ഡീൽ പുറത്തുവന്നത്. സ്കാനറിൽ സ്വർണം കണ്ടെത്തിയാൽ ഈ വിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ കള്ളക്കടത്തു സ്വർണം തട്ടിയെടുക്കാൻ ക്വട്ടേഷനെടുത്ത ‘പൊട്ടിക്കൽ’ സംഘങ്ങൾക്കു സ്വർണം കടത്തിക്കൊണ്ടുവരുന്ന കാരിയറുടെ ഫോട്ടോ സഹിതമുള്ള വിശദാംശങ്ങളും, സ്വർണം ഒളിപ്പിച്ചിട്ടുള്ള ബാഗിന്റെ നിറമടക്കമുള്ള വിവരങ്ങളും കൈമാറി വിഹിതം പറ്റിയിരുന്ന ചില ഉദ്യോഗസ്ഥർക്കെതിരായ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.