സർവകലാശാലകളിലെ വഴിവിട്ട നിയമനങ്ങൾ നിഷ്പക്ഷ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: രാഷ്ട്രീയ ബന്ധു നിയമനങ്ങൾ മാത്രം ലക്ഷ്യമിട്ട് യാതൊരു അർഹതയുമില്ലാത്തവരെ രാഷ്ട്രീയ പിൻബലത്തിൽ സർവകലാശാലകളിൽ വിസി മാരായും ഉന്നത തസ്തികകളിലും സർവ്വകലാശാല സമിതികളിലും നിയമിക്കുന്ന കാഴ്ചപ്പാട് മാറാതെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മേൽഗതി ഉണ്ടാകില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഗവർണർ ചാൻസലർ സ്ഥാനം ഒഴിയരുതെന്നും സർവകലാശാലകളിൽ നടന്ന നിയമനങ്ങൾ ഒരു നിഷ്പക്ഷ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന വ്യാപകമായ ചട്ടവിരുദ്ധ നടപടികൾ യഥാസമയം ഗവർണറെ സേവ് യൂണിവേഴ്സിറ്റി സമിതി ബോധ്യപ്പെടുത്തിയിരുന്നു.വൈകിയെങ്കിലും സർക്കാരിന്റെ നടപടികളിൽ ഗവർണർക്കുള്ള അസന്തുഷ്ടി പ്രകടിപ്പിച്ചത് വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത നിലനിർത്താൻ അക്കാദമിക കാഴ്ചപ്പാടുള്ള അർഹരായവരെ മാത്രമേ ഒഴിവ് വരുന്ന വിസി സ്ഥാനങ്ങളിൽ നിയമിക്കാൻ പാടുള്ളൂവെന്ന് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ
ആർ എസ് ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ഗവർണറോട് അഭ്യർത്ഥിച്ചു.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യയുടെ റാങ്ക് പട്ടിക റദ്ദാക്കി വൈസ് ചാൻസലർ തന്റെ സ്ഥാനമൊഴിയുകയാണ് വേണ്ടത്.പുതിയ വി സി യെ ചട്ട പ്രകാരം നിയമിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
ആവശ്യപ്പെട്ടു.