ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് ജന്മനാടിൻ്റെ യാത്രാമൊഴി

തൃശ്ശൂർ : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ ദക്ഷിൺദേവ് ചിതയ്ക്ക് തീകൊളുത്തി.
ഇന്ന് ഉച്ചയോടെ റോഡുമാർഗം കോയമ്പത്തൂരിൽനിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിലേക്ക് പിന്നീട് മൃതദേഹം കൊണ്ടുപോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്കൂളിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് അന്തിമോപചാരം എത്തിക്കാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ – കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. പ്രദീപിൻ്റെ മരണ വിവരം രോഗിയായ അച്ഛൻ രാധാകൃഷ്ണനെ അറിയിച്ചിരുന്നില്ല.

പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടർ തകർന്നു വീണത്. അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. ഹെലിപാഡിന് 10 കിലോമീറ്റർ ദൂരത്താണ് ദുരന്തം സംഭവിച്ചത്. സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. രാജ്യത്ത ഏറ്റവും അധികം സുരക്ഷയുള്ള ഉറപ്പ് നൽകുന്ന സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്ടർ എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.