വത്തിക്കാൻ ഇളവ് നൽകിയിട്ടില്ല; ഏകീകൃത കുർബാനക്രമവും അർപ്പണരീതിയും നടപ്പാക്കാത്ത രൂപതകൾക്ക് തിരുത്താൻ ഔദ്യോഗികമായി കത്ത് നൽകി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: സീറോമലബാർ സഭയിൽ നവീകരിച്ച വിശുദ്ധ കുർനവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും നടപ്പാക്കാത്ത രൂപതകൾക്ക് ഇത് തിരുത്താൻ സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗികമായി കത്ത് നൽകി. സീറോ മലബാർ സഭാ സിനഡ് അംഗീകരിച്ച കുർബാന ക്രമം നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്കും പൂർണ്ണമായും ഇളവു നൽകിയിട്ടില്ലെന്ന് റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം വ്യക്തമാക്കിയതോടെയാണ് മാർ ആലഞ്ചേരി സഭയിലെ എല്ലാ രൂപതാധ്യക്ഷൻമാർക്കും ഇതു സംബന്ധിച്ച് ഔദ്യോഗിക നിർദേശം നൽകിയത്.

സീറോമലബാർ സഭാ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം ഇക്കഴിഞ്ഞ നവംബർ 28നാണ് ഏകീകൃത അർപ്പണരീതി നിലവിൽ വന്നത്. എന്നാൽ പൗരസ്ത്യ കാനൻനിയമത്തിലെ കാനോന 1538 ​ അനുഛേദം ഒന്ന് അനുസരിച്ച് ചില രൂപതകളിൽ മുഴുവനായാണ് ഇളവ് നല്കിയിരുന്നത്. സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് നിയമവിരുദ്ധമായ ഈ നടപടി‌, പൗരസ്ത്യസഭകൾക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതിനൊപ്പം ആരാധനക്രമനിയമങ്ങളിൽ നിന്ന് ഇളവുനല്കുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനുള്ള മറുപടി ഇന്ന് രാവിലെ കാക്കാനാട്ട് മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയണാർദോ സാന്ദ്രിയും സെക്രട്ടറി ആർച്ചുബിഷപ് ജോർജോ ദിമേത്രിയോ ​ഗല്ലാറോയും 2021 ഡിസംബർ 9ന് ഒപ്പുവച്ച കത്ത് ഡെൽഹിയിലെ അപ്പസ്തോലിക് നുൻഷിയേച്ചർ വഴിയാണ് മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചത്.

പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ കത്ത് പ്രകാരം, കാനോന 1538 ​ അനുഛേദം 1 ഉപയോ​ഗിച്ചുകൊണ്ട് സഭയുടെ സിനഡ് അം​ഗീകരിച്ചതും മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം സിനഡ് അം​ഗീകരിച്ച ആരാധനക്രമ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും നിരോധിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

2020 നവംബർ 9ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നല്കിയ കത്തിൽ കാനോന 1538 അനുഛേദം 1 പ്രകാരം ഒഴിവുനല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളി‍ലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളിൽ ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽനിന്ന് രൂപതക്കു മുഴുവനായി ഇളവു നല്കിയതും സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിച്ചവരെ അതിൽനിന്നും വിലക്കിയതും.

വത്തിക്കാൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് വിശുദ്ധ കുർബാന ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് സഭയിലെ എല്ലാ മെത്രാൻമാർക്കും ‌മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശം നൽകി കത്തെഴുതിയത്.