മറയൂര്‍ ചന്ദനലേലത്തിൽ റെക്കോര്‍ഡ് വിൽപ്പന

മൂന്നാർ: മറയൂര്‍ ചന്ദനലേലത്തിൽ റെക്കോര്‍ഡ് വിൽപ്പന. 49.28 കോടി രൂപയുടെ ചന്ദനമാണ് ഇത്തവണ വിറ്റുപോയത്. കൊറോണയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് മറയൂര്‍ ചന്ദനലേലത്തിൽ പുതിയ റെക്കോര്‍ഡുകളുണ്ടായത്. 50.62 ടണ്‍ ചന്ദനം വിറ്റഴിഞ്ഞപ്പോൾ നികുതിയുൾപ്പടെ സര്‍ക്കാര്‍ ഖജനാവിലേക്ക് 49.28 കോടി വരുമാനമാണ് എത്തിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ലേലത്തിന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ വില്ലനായപ്പോൾ കിട്ടിയത് വെറും 1.96 കോടി രൂപയായിരുന്നു. കര്‍ണാടകത്തിൽ നിന്നുള്ള സോപ്പ് കമ്പനികൾ തിരിച്ചത്തിയതോടെ ഇത്തവണ ലേലം പൊടിപൊടിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായ കര്‍ണാടക സോപ്പ്സ് ആണ് ഏറ്റവും കൂടുതൽ ചന്ദനം ലേലം കൊണ്ടത്. 34.2 ടണ്‍ ചന്ദനം 32.63 കോടിക്ക് വാങ്ങി.

ജെയ്പൊഗൽ വിഭാഗത്തിൽപ്പെട്ട ചന്ദനത്തിനായിരുന്നു ഇത്തവണ കൂടുതൽ ആവശ്യക്കാര്‍. 14 കോടിയുടെ കച്ചവടമാണ് ഈ ഇനത്തിൽ നടന്നത്. അടുത്ത ലേലം മെയിലോ, ജൂണിലോ ആയി നടത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.