മുഹമ്മദ് റിയാസിന്റെ വിവാഹം വ്യഭിചാരമെന്ന് മുസ്ലിംലീഗ് നേതാവ് ; പരാമർശം വൻവിവാദത്തിൽ

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിവാഹത്തിനെതിരേയുള്ള മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശം വിവാദത്തിൽ. മന്ത്രി റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ പരാമർശമാണ് വിവാദമായത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശം.

‘മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാൻ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം’ – അബ്ദുറഹ്മാൻ കല്ലായി പ്രസംഗത്തിൽ പറഞ്ഞു.

ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികൾ മാത്രം ജീവിതത്തിൽ പുലർത്തുന്നവരാണ് യഥാർഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഇസ്ലാമിക രീതിയിൽ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാൻ കല്ലായി ആരോപിച്ചു.