കോടതി മുറിയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ; ജഡ്ജി സിറ്റിം​ഗ് നിർത്തിവച്ചു; ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ

കൊച്ചി: സർക്കാർ അഭിഭാഷകന്‍റെ പെരുമാറ്റം അതിരുവിട്ടതോടെ കേരള ഹൈക്കോടതിയിൽ ജഡ്ജി സിറ്റിം​ഗ് നിർത്തി വെച്ചു. ഗവൺമെൻ്റ് പ്ലീഡറുടെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ച ജഡ്ജി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ ചേബംറിലേക്ക് വിളിച്ച് വരുത്തി. തുടർന്ന് സർക്കാർ അഭിഭാഷകനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി നിയമിച്ചു.

ഹൈക്കോടതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്‍റെ ബെഞ്ചിലായിരുന്നു സംഭവം. പ്രോസിക്യൂഷന്‍റെ എതിർപ്പ് തള്ളി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടതിനെ ചൊല്ലിയാണ് തർക്കം തുടങ്ങുന്നത്. ഹൈക്കോടതി നടപടിയിൽ സർക്കാർ അഭിഭാഷകൻ സി.എൻ.പ്രഭാകരൻ പരസ്യമായി അതൃപ്തി അറിയിച്ചു.

തുടർന്ന് കോടതി മുറിയിൽ അധിക്ഷേപകരമായ പരാമർശങ്ങളും നടത്തി. സംസാരം അതിരുവിട്ടതോടെ കോടതി സി.എൻ.പ്രഭാകരനെ താക്കീത് ചെയ്തു. എന്നാൽ സർക്കാർ അഭിഭാഷകൻ അധിക്ഷേപം തുടർന്നു. കോടതിയുടെ അന്തസ്സ് ഹനിക്കുന്ന രീതിയിൽ മോശം പരാമർശങ്ങൾ ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകിയെങ്കിലും പക്ഷേ സർക്കാർ അഭിഭാഷകൻ അയഞ്ഞില്ല.

ഇതോടെ ജസ്റ്റിസ് പി ഗോപിനാഥ് സിറ്റിങ് നിർത്തി ചേംബറിലേക്ക് മടങ്ങി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജിയെ ചേംബറിലേക്ക് വിളിച്ച് വരുത്തി സിഎൻ പ്രഭാകരന്‍റെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ചു. ഇതോടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് പ്രഭാകരനെ മാറ്റിയാണ് പ്രശ്നത്തിന് താത്കാലികമായി പരിഹരിച്ചത്. ആരോപണവിധേയനായ സിഎൻ പ്രഭാകരന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍റെ സഹോദരനാണ്.

ഇതിനിടെ മറ്റൊരു ഗവണ്‍മെന്‍റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രൻ അന്തരിച്ച സേനാമേധാവി ബിപിൻ റാവത്തിനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായി. വിരമിച്ച നാല് സൈനിക ഓഫീസര്‍മാരും യുവമോര്‍ച്ച ദേശീയ നേതൃത്വവും രശ്മിതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ജിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.