പള്ളിയിൽ ശവസംസ്‌കാര ചടങ്ങിനെത്തിയവരെയും അക്ഷയ കേന്ദ്രത്തിലെത്തിയവരെയും പേപ്പട്ടി ഓടിച്ചിട്ട് കടിച്ചു; 20 പേർ ചികിത്സയിൽ

കൊച്ചി: മൂഞ്ഞേലി പള്ളിയിൽ ശവസംസ്‌കാര ചടങ്ങിനെത്തിയവരെയും അക്ഷയ കേന്ദ്രത്തിലെത്തിയവരെയും നാട്ടുകാരേയും യാത്രക്കാരേയും പേപ്പട്ടി ഓടിച്ചിട്ട് ആക്രമിച്ച സംഭവത്തിൽ 20 പേർക്ക് പരിക്ക്. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് നാട്ടുകാരെ ആക്രമിച്ചത്. തുടർന്ന് നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിൽ ശ്രമം പുരോഗമിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെയാണ് പേപ്പട്ടി ആക്രമിച്ചത്.

ആക്രമണത്തിനരയായവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റവരിൽ മദ്ധ്യവയസ്‌കരും യുവാക്കളും ഉൾപ്പെടുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെ കൊറിയർ സർവീസ് ജീവനക്കാരനായ റിന്റോയെയാണ് പേപ്പട്ടി ആദ്യം ആക്രമിച്ചത്. ഇതിന് പിന്നാലെ വഴിയിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് ആക്രമിച്ചു.

പോലീസും ഫയർഫോഴ്സും നായപിടുത്തകാരും സ്ഥലത്തെത്തി നായക്കായി തെരച്ചിൽ നടത്തുകയും ഒരു നായയെ പിടികൂടുകയും ചെയ്തു. എന്നാൽ ആക്രമിച്ച പേപ്പട്ടിയെ അല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവർ വ്യക്തമാക്കി. സ്ഥിതി രൂക്ഷമായിട്ടും നടപടി വൈകിപ്പിച്ച അധികൃതർക്കെതിരേ ശക്തമായ പ്രതിഷേധമാ ണ് ഉയരുന്നത്.