കൊച്ചി: ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കോട് എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത്, താമരശേരി താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍(എല്‍ആര്‍) കെ. ബലരാജന്‍ എന്നിവരോടാണ് വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചത്.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടികാട്ടി മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജിയുടെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റീസ് എ. രാജവിജയരാഘവനാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചത്.