സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ്. കണ്ണൂർ, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

അതേസമയം, കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ ഷഫീഖിന്റെ വീട്ടിൽ ഇഡി പരിശോധനയ്ക്കിടെ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇഡി റെയ്ഡ് നടക്കുന്നതിനിടെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി വീടിന് മുന്നിൽ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു.

മലപ്പുറം എരമംഗലം പെരുമ്പടപ്പിലും ഇഡി റെയ്ഡിനിടെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡന്റ് റസാഖ് കുറ്റിക്കാടന്റെ വീട്ടിലാണ് ഇ.ഡി. റെയ്ഡ് നടക്കുന്നത്. രാവിലെ 10.30-ന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. ഇതിനിടെയാണ് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി ഇവിടേക്കെത്തിയത്. പ്രവർത്തകർ ഇ.ഡി. ഉദ്യോഗസ്ഥരുമായും പോലീസുമായും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു.

ഡെൽഹി കലാപത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന, ദേശീയ നേതാക്കളുടെ വീടുകളിൽ ഇ.ഡി. സംഘം നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളുടെ തുടർച്ചയായാണ് കൂടുതൽ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. എന്നാൽ റെയ്ഡിന്റെ കൂടുതൽ വിശദാംശങ്ങൾ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.