പൂവാർ റിസോട്ടിലെ ലഹരിപ്പാർട്ടി; വിപുലമായ അന്വേഷണത്തിന് എക്സൈസ്; ജാമ്യത്തിൽ വിട്ട 20 പേരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം: പൂവാർ റിസോട്ടിലെ ലഹരിപ്പാർട്ടിയിൽ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി എക്സൈസ്. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കും. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡിലായ അക്ഷയ് മോഹൻ, അതുൽ, പീറ്റർ ഷാൻ എന്നീ മൂന്ന് പ്രതികളെയും സംഘം കസ്റ്റഡിയിൽ വാങ്ങും. ഇവരാണ് ലഹരിപ്പാർട്ടിയുടെ പ്രധാന സംഘാടകർ. പ്രതികളുടെ ഫോൺവിളി രേഖകളും സംഘം പരിശോധിക്കും. ഇവർ ആരെയെല്ലാമാണ് ബന്ധപ്പെട്ടത്, ഏത് ലഹരിമാഫിയയുമായാണ് ബന്ധം എന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് സംഘം കരുതുന്നത്.

നിർവാണ എന്ന സംഘവുമായി നേരിട്ട് ബന്ധമുള്ള പ്രതികൾക്ക് മറ്റു സംസ്ഥാനങ്ങളിലുള്ള ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന. അതിനാൽ ഇവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടക്കുക. രണ്ട് ദിവസത്തിനകം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിനാണ് നീക്കം. ഇതിനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ ഇവരെയെല്ലാം വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. മണാലിയിൽ അടക്കം ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റാണ് ഇതിനുപിന്നിലെന്നാണ് നിഗമനം. അതിനാൽ ആ മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന.

നിലവിൽ ലഹരിപ്പാർട്ടിയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ തോത് ഇത്ര വിപുലമായ അന്വേഷണത്തിന് പര്യാപ്തമല്ല. എന്നാൽ ഈ ലഹരിപ്പാർട്ടിക്ക് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് എക്സൈസ് അസി. കമ്മീഷറുടെ നേതൃത്വത്തിൽ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.