മുല്ലപ്പെരിയാർ ; രാത്രിയിൽ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. രാത്രിയിൽ മുന്നറിയിപ്പ് കൂടാതെ തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതിരെയാണ് കേരളം ഹർജി ഫയൽ ചെയ്യുന്നത്. നാളെ കേരളം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും. സുപ്രിംകോടതിയിൽ നാളെ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഡാം തുറന്ന് വിടുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

അതേസമയം, ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ ഡാമിന്റെ നാല് സപിൽവേ ഷട്ടറുകൾ കൂടി തുറന്നു. ആകെ അഞ്ച് ഷട്ടറുകളിലൂടെ 2099.95 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.പെരിയാർ തീരത്തുളളവർക്ക് ജാഗ്രതാ നിർദേശം നൽകി.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ ഉയർത്തിയിരുന്നു. ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ വിമർശനമാണ് ഉയരുന്നത്.