കാരക്കട്ട് റിസോർട്ടിലെ നടന്ന ഡിജെ പാർട്ടിക്ക് ലഹരി എത്തിയത് അക്ഷയ്യുടെ സുഹൃത്തുക്കൾ വഴി; അന്വേഷണം ബെംഗളൂരുവിലേയ്ക്ക്

തിരുവനന്തപുരം: പൂവാർ പട്ടണക്കാട് കാരക്കാട്ടിൽ റിസോർട്ടിൽ നടന്ന ഡി.ജെ. പാർട്ടിക്ക് ലഹരി നൽകിയ ബെംഗളൂരു സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു. ലഹരി പാർട്ടിയുടെ സംഘാടകൻ അക്ഷയ്മോഹന്റെ അടുത്ത സുഹൃത്തുക്കളായ ബെംഗളൂരു സ്വദേശികളാണ് എംഡിഎംഎ അടക്കമുള്ള മാരക ലഹരി കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളിൽനിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈൽഫോണുകളും കോടതിയുടെ അനുമതിയോടെ സൈബർ പരിശോധനയ്ക്കു ഹാജരാക്കും. പ്രതികളുടെ ഫോൺവിളികളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

പാർട്ടി ഹാളിൽ ഫോണിലൂടെ നടന്ന പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്. പാർട്ടി സംഘടിപ്പിച്ച നിർവാണയുടെ പ്രധാനി ഉത്തരേന്ത്യൻ വിനോദസഞ്ചാരകേന്ദ്രമായ കുളു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ലഹരിക്കടത്ത് കേസുകളിൽ പ്രതിയായി നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അക്ഷയ് മോഹൻ ഇവരുമായി കൂടിയത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സംഗീത പാർട്ടി സംഘടിപ്പിക്കുകയും അതിന്റെ മറവിൽ സിന്തറ്റിക് മയക്കുമരുന്നുകൾ വിൽക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. മ്യൂസിക് ഫെസ്റ്റും ഫാഷൻ ഷോയും പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധതിരിക്കാൻ വേണ്ടിയായിരുന്നു.

പാർട്ടിക്കിടെ റെയ്ഡ് ഉണ്ടായാലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഇവർ എടുത്തിരുന്നു. ഡാൻസ് ഹാളിൽ പല സ്ഥലത്തായി ലഹരി വിൽപ്പനക്കാർ പാർട്ടിയിൽ പങ്കെടുക്കുന്നവരെന്ന വ്യാജേന നിലയുറപ്പിക്കും.

പങ്കെടുക്കുന്നവരിൽനിന്നും ലഹരി ആവശ്യമുള്ളവരെ ഇവരാണ് കണ്ടെത്തുക. ഒന്നോ രണ്ടോ കൈമറിഞ്ഞാകും ലഹരി ആവശ്യമുള്ളവരിലേക്ക് എത്തുക. പോലീസോ എക്സൈസോ എത്തുന്നുണ്ടോ എന്നറിയാൻ ഹാളിനു പുറത്ത് കാവലിന് ആളെ നിർത്തിയിരിക്കും. പാർട്ടിക്ക് എത്തുന്നവരെയും നിരീക്ഷിക്കും.

സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാകും മയക്കുമരുന്ന് ഇറക്കുക. പണം വാങ്ങുന്ന ആളായിരിക്കില്ല മയക്കുമരുന്ന് നൽകുന്നത്. പണം കൈമാറി അൽപസമയത്തിനുള്ളിൽ മറ്റൊരാൾ മയക്കുമരുന്ന് നൽകും. സുരക്ഷിത സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിട്ടാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.

സ്ത്രീകൾ അടക്കം വിതരണക്കാരായി ഉണ്ടാകും. ഈ സമയങ്ങളിൽ പരിശോധന നടത്തിയാൽ കണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്. ശനിയാഴ്ചത്തെ പാർട്ടി കഴിഞ്ഞ ശേഷം സംഘാടകർ ലഹരി ഉപയോഗിച്ച് വിശ്രമിക്കുമ്പോഴാണ് പൂവാറിൽ പരിശോധന നടന്നത്. ഇതുകൊണ്ടാണ് സിന്തറ്റിക് മയക്കുമരുന്നുകൾ കണ്ടെത്താൻ കഴിഞ്ഞത്.