സർക്കാരിനെ കയറൂരി വിട്ടാൽ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും: ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എംഎൽഎമാരുടെ മക്കളുടെ നിയമനം അംഗീകരിച്ചാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിത നിയമനം നൽകേണ്ടി വരും.

ഇതു യോഗ്യരായ വിദ്യാർഥികളോടുള്ള അവകാശലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. മുൻ ചെങ്ങന്നൂർ എംഎൽഎ ആയ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

സർക്കാരിനെ ഇത്തരത്തിൽ കയറൂരി വിട്ടാൽ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് നിയമനം നൽകാൻ നിലവിൽ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സർക്കാരിന് താത്പര്യമുള്ളവർക്ക് നിയമനം നടത്തുക എന്നത് നിയമവിരുദ്ധമായ നടപടിയാണ്.

യോഗ്യതയുള്ളവർ പുറത്തു കാത്തുനിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമനം നേടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.