കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാൻ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.
മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ മകൻ ചികിത്സയിലാണ്.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 18 കാരനായ മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയിലാണ് മകൻ ഇപ്പോഴുള്ളത്. സിന്ധുവിനെ യുവാവ് വഴിയിൽ വച്ച് തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായി. ശല്യം കൂടിയപ്പോൾ സിന്ധു കഴിഞ്ഞ ദിവസം പൊലീസിൽ യുവാവിനെതിരെ പരാതി നൽകി.
സിന്ധുവിന്റെ പരാതിയിന്മേൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മകൾ ആത്മഹത്യ ചെയ്യാൻ മറ്റൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സിന്ധുവിന്റെ പിതാവ് പറയുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല.