മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു; രാത്രി കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന് ഭീതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു. നിലവില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. 841 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ രാത്രി കൂടുതൽ ഷട്ടറുകൾ ഉയർത്തുമോ എന്ന ഭീതി പെരിയാറിൻ്റെ കരയിൽ കഴിയുന്നവർക്കുണ്ട്.

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ നേരത്തെ മുല്ലപ്പെരിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.അതേസമയം രാത്രിയില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തരുത് എന്ന കേരളത്തിന്റെ ആവശ്യം ഇന്നലെയും തമിഴ്നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്.

അധികജലം ഒഴുകി എത്തിയതോടെ പെരിയാറില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോഴും തുടരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധന ഉണ്ട്.

അതേസമയം ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.