പൊലീസ് നടപടി പൈശാചികം; സംസ്ഥാന സർക്കാരിന്റെ പൊലീസ് നയത്തിനെതിരെ എഐവൈഎഫ് പ്രമേയം

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ പൊലീസ് നയത്തിനെതിരെ എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ പ്രമേയം. മാവോയിസ്റ്റുകളെ വേട്ടയാടാനായി യുഎപിഎ ദുരുപയോഗം ചെയ്യുകയും മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് നടപടി പൈശാചികമാണ്.

കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി ആഘാതത്തിൽ വിശദ ചർച്ച വേണം. എഐവൈഎഫിൻ്റെ സംഘടനാ പ്രവർത്തനങ്ങളെ ഡിവൈഎഫ്ഐ തടസപ്പെടുത്തുന്നുവെന്നും സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലിനും ജാമ്യം ലഭിച്ച സാഹചര്യത്തിൽ എഐവൈഎഫിന്റെ പൊലീസ് വിമർശനം മുന്നണിക്കുള്ളിൽ വരെ ചർച്ചകൾ കാരണമായേക്കും. നേരത്തെ, പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലും വിമർശനം ഉണ്ടായിരുന്നു.

പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയത് ജാഗ്രതക്കുറവാണെന്നായിരുന്നു വിമർശനം. പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. യുഎപിഎ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികൾ ചോദ്യം ഉന്നയിച്ചു. പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി ത്വാഹയ്ക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യവും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.

ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്ന എൻഐഎ കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. സ്തകങ്ങള്‍, ലഘുലേഖകള്‍, പ്ലക്കാര്‍ഡുകള്‍, ഡയറി കുറിപ്പുകള്‍ ഇതൊക്കെയാണ് അലനും ത്വാഹയ്ക്കുമെതിരെ പ്രധാന തെളിവുകളായി എന്‍ഐഎ കോടതിയില്‍ നിരത്തിയിരുന്നത്. ഇരുവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എന്‍ഐഎ വാദിച്ചിരുന്നു.

വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.2019 നവംബറിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎയും ചുമത്തി. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുത്തു.ഇരുവരും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ഏറെ വിവാദമായി മാറിയിരുന്നു.