എഐവൈഎഫിന് പുതിയ സാരഥികള്‍; ടി ടി ജിസ്‌മോന്‍ സംസ്ഥാന സെക്രട്ടറി; എന്‍ അരുണ്‍ പ്രസിഡന്റ്

കണ്ണൂര്‍: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും സംസ്ഥാന സെക്രട്ടറിയായി ടി ടി ജിസ്‌മോനേയും തെരഞ്ഞെടുത്തു. കണ്ണൂരില്‍ എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാന്‍, വിനീത വിന്‍സന്റ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ശുഭേഷ് സുധാകര്‍, കെ കെ പ്രമോദ്, ആര്‍ ജയന്‍, എസ് വിനോദ് കുമാര്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

ആര്‍എസ് ജയന്‍, വിഎസ് അഭിലാഷ്,ആര്‍ റെനീഷ്,ശ്രീജിത് മുടുപ്പിലായി, കെ വി രജീഷ്, വെനി സ്റ്റാന്‍സി, ശ്രീജിത് എം, ജെ അരുണ്‍ബാബു, പി കബീര്‍ എന്നിവരെ സംസ്ഥാന എക്‌സിക്യൂട്ടൂവിലേക്കും തെരഞ്ഞെടുത്തു.

അതേസമയം ഇന്ന് അവസാനിച്ച സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസ് സേനയിലെ ചിലര്‍ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സത്യസന്ധമായി സേവനം നടത്തുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്ള സേനയാണ് കേരള പൊലീസ്.

മാതൃകാപരമായ കുറ്റാന്വേഷണം കേരള പൊലീസ് നടത്താറുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച് ഇടത് സര്‍ക്കാരിനെതിരെ പൊതുജനവികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ പൊലീസ് സേനയിലെ ചിലര്‍ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളില്‍ നിന്നും സംശയം ഉണരുന്നുണ്ട്.

പൗരന്റെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുകയാണ് പൊലീസിന്റെ പ്രാഥമിക ചുമതല എന്നതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനമൈത്രി പൊലീസ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയത്.എന്നാല്‍ കൊറോണക്കാലത്ത് ഉള്‍പ്പെടെ പൊലീസ് കാണിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പല ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന സംഭവങ്ങളുമുണ്ടായി.

മനുഷ്യാവകാശലംഘനങ്ങള്‍ക്ക് തുല്യമായ നടപടികള്‍ ഉള്‍പ്പെടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് പതിവ് ആവുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകളും മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ ക്രിയാത്മകമായ നടപടികള്‍ എടുക്കണമെന്നും എഐവൈഎഫ് സമ്മേളനം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.