കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബർ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നൽകുകയായിരുന്നു.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്.

പാർട്ടിസമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു.