ആര്യനാട് കുട്ടികൾക്ക് പ്രതിരോധ കൊറോണ വാക്സിൻ കുത്തിവച്ച സംഭവം; ആരോഗ്യപ്രവർത്തകയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കുട്ടികൾക്ക് പ്രതിരോധ വാക്‌സിന് പകരം കൊറോണ വാക്സിൻ മാറി കുത്തിവച്ച സംഭവത്തിൽ ആര്യനാട്ട് ആരോഗ്യപ്രവർത്തകയെ സസ്‌പെൻഡ് ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇന്നലെയാണ് ആര്യനാട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവയ്പ്പിനെത്തിയ രണ്ട് കുട്ടികൾക്ക് കൊവിഷീൽഡ് കുത്തിവച്ചത്. പതിനഞ്ച് വയസുള്ള കുട്ടികൾക്കാണ് കൊവിഷീൽഡ് കുത്തിവച്ചത്. ഒ.പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് കൊറോണ വാക്‌സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.

സംഭവം പുറത്ത് വന്നതോടെ ആര്യനാട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഡി.എം.ഒ നേരിട്ടെത്തി വിവരശേഖരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെതിരെ നടപടിയെടുത്തത്.