മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ല; ആത്മീയതയിലേക്ക് തിരിയുന്നു ; കൊബഡ് ഗാന്ധിയെ പുറത്താക്കി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി

ന്യൂഡെൽഹി: മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും പാര്‍ട്ടി അറിയിച്ചു. കൊബഡ് ഗാന്ധി ആത്മീയതയുടെ പാതയിലേക്ക് പോയെന്നും മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ലെന്ന് പറഞ്ഞെന്നും പാര്‍ട്ടി അറിയിച്ചു.

നവംബര്‍ 27നാണ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായുള്ള പ്രസ്താവന ഇറക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി നക്‌സല്‍ബാരി പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകനാണ് കൊബഡ് ഗാന്ധി. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി, മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 2009ല്‍ ജയിലിലായി.

ജയിലിലായ മുതല്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഭരിക്കുന്ന രാഷ്ട്രീയ ശക്തികളുടെ ഇംഗിതത്തിന് വഴങ്ങിയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നകന്നതെന്നും സത്യസന്ധതയില്ലാത്ത ആളുകള്‍ക്ക് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാന്‍ കഴിയുകയെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പൊളിറ്റ് ബ്യൂറോ അംഗമായിരിക്കെയാണ് 2009ല്‍ കൊബഡ് ഗാന്ധി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഭീകരാക്രമണ ഗൂഢാലോചനയടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തി.

2016 ജൂണില്‍ എല്ലാ യുഎപിഎ കുറ്റങ്ങളില്‍ നിന്നും അദ്ദേഹത്തെ ദില്ലി കോടതി കുറ്റവിമുക്തനാക്കി. 2019ല്‍ സൂറത്ത് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എഴുതിയ പുസ്തകത്തില്‍ മാവോയിസ്റ്റ് ആശയത്തെ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ലെന്നും അദ്ദേഹം എഴുതി.