തിരുവല്ലയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർ എസ് എസെന്ന് സിപിഎം

തിരുവല്ല : ബൈക്കിൽ സഞ്ചരിക്കുകയായിരുന്നസിപിഎം പ്രാദേശിക നേതാവിനെ നെടുമ്പ്രം ചാത്തങ്കരിമുക്കിൽ വെട്ടിക്കൊന്നു. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമായ പെരിങ്ങര ചാത്തങ്കരി പുത്തൻപറമ്പിൽ പിബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നിൽ ആർ എസ് എസാണെന്ന് സി പി എം കുറ്റപ്പെടുത്തി.

നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം സ്ഥലംവിട്ടത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം തിരുവല്ല സർക്കാർ ആശുപത്രി മോർച്ചറിയിൽ. സന്ദീപിന്റെ നാട്ടുകാരൻതന്നെയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.

ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ജയിലിൽ കഴിയുകയുമായിരുന്ന ജിഷ്ണു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.