തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താൻ കിസാൻ മഹാപഞ്ചായത്തിന്റെ ആഹ്വാനം

മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താൻ കിസാൻ മഹാപഞ്ചായത്തിന്റെ ആഹ്വാനം. മഹാത്മ ജ്യോതിറാവു ഫുലെയുടെ ചരമദിനത്തിൽ ആസാദ് മൈതാനത്ത് ഒത്തുചേർന്ന കിസാൻ മഹാപഞ്ചായത്തിലാണ് ഈ ആഹ്വാനം ഉയർന്നത്.

സംയുക്ത ഷേത്കാരി കാംഗാർ മോർച്ചയുടെ (എസ്എസ്കെഎം) ബാനറിൽ നടന്ന മഹാപഞ്ചായത്ത്, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷം നീണ്ട കർഷക സമരത്തിന്റെ ‘ചരിത്രവിജയം’ ആഘോഷിക്കുകയും മറ്റു ആവശ്യങ്ങൾക്കായി പോരാടാനുള്ള സമരത്തിന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ എല്ലാ ജാതി-മത വിഭാഗങ്ങളിൽ ഉൾപ്പെട്ട കർഷകർ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തതായി മഹാപഞ്ചായത്ത് സംഘാടകർ അവകാശപ്പെട്ടു.

സംയുക്ത കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടികായത്ത്, ഡോ.ദർശൻ പാൽ, ഹന്നാൻ മൊല്ല തുടങ്ങിയവർ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

എംഎസ്പി(താങ്ങുവില) ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ചർച്ചയിൽ നിന്ന് കേന്ദ്രസർക്കാർ ഒളിച്ചോടുകയാണെന്ന് ടികായത് ആരോപിച്ചു. കാർഷിക, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ശ്രദ്ധ ആവശ്യമാണെന്നും അവ ഉയർത്തിക്കാട്ടാൻ തങ്ങൾ രാജ്യത്തുടനീളം സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.