വാക്സീൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ എടുക്കാത്ത 5000ത്തിലേറെ അധ്യാപകർക്കും ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്കു ഹോട്ടലുകളിലും തിയറ്ററുകളിലും അകലം പാലിക്കുന്നതിൽ ഇളവുകൾ നൽകാനും ആലോചനയുണ്ട്.

വാക്സീൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നതെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ഇവർ നിർദേശിക്കുന്നു.

അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സീൻ എടുക്കാൻ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം വാക്സീൻ എടുക്കാൻ കഴിയാത്തവർ അതു രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കണം.

അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെടെ 5000 പേർ വാക്സീൻ എടുത്തില്ലെന്നാണു വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. വാക്സീൻ എടുക്കാത്തവർ സ്കൂളിൽ വരുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ നിലപാട്.