ആ ശബ്ദം വിമാനത്തിൻ്റേതല്ല കാറിൻ്റേതാണ്; കാതടപ്പിക്കുന്ന ശബ്ദത്തിൽ നിരത്തിൽ പറന്ന കാർ എംവിഡി വിരിച്ച വലയിൽ വീണു

‌കൊച്ചി: വിമാനമാണെന്ന് തോന്നിക്കുന്ന ശബ്ദവുമായി റോഡിലൂടെ അമിതവേ​ഗത്തിൽ പറന്ന കാർ ഒടുവിൽ‌ പോലീസ് പിടിയിൽ. കാക്കനാട് ഇൻഫോപാർക്ക് എക്‌സ്പ്രസ് ഹൈവേയിലും കാക്കനാട്ടെ മറ്റ് റോഡുകളിലൂടെയും ചീറി പറന്ന കാർ ശബ്ദത്താൽ നാട്ടുകാരെക്കൊണ്ട് കാതടപ്പിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നവൽകിയ പരാതിയിലാണ് എം.വി.ഡി ഇവരെ പിടികൂടിയത്.

എറണാകുളം ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എആർ രാജേഷാണ് കാർ ഓടിച്ചയാളെ പിടികൂടിയത്. വരാപ്പുഴ സ്വദേശി വിനീതാണ് കാറിന്റെ സൈലൻസറിൽ ഉൾപ്പെടെ രൂപമാറ്റം വരുത്തി നാട്ടുകാരുടെ ചെവി പൊട്ടിച്ചികൊണ്ടിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ എംവിഡി കണ്ടെത്തിയത്.

കാറിൽ രൂപമാറ്റം വരുത്തിയതിന് ഇയാളിൽ നിന്നും 11,000 രൂപ പിഴ ഈടാക്കി. കാറിന്റെ വീലുകളിലും, സ്റ്റിയറിങ്ങിലും ഇയാൾ രൂപമാറ്റം വരുത്തിയിരുന്നു. പിഴ ഈടാക്കിയ ശേഷം രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങൾ പഴയത് പോലെയാക്കി ആർടി ഓഫീസിൽ ഹാജരാക്കാൻ ഇയാൾക്ക് നിർദ്ദേശം നൽകി. ഹാജരാക്കാത്ത പക്ഷം കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.