തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ സംസ്‌ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. നോക്കൂകൂലി പ്രശ്‌നത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് പോലീസും നടപടി കര്‍ശനമാക്കിയത്.
സാധാരണ തൊഴില്‍ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന നിലപാട് മാറ്റിക്കൊണ്ടാണ് നോക്കുകൂലി പ്രശ്‌നത്തില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശം. നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചു പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്‌ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ നോക്കൂകൂലി ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിതയാണെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഇടതുമുന്നണി സര്‍ക്കാരും നോക്കുകൂലിക്ക് എതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും നോക്കൂകൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തുടരുകയാണ്. ഹൈക്കോടതി പലതവണ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.