കൊച്ചി: ഫസല്‍വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതുസര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ചുവെന്ന ആരോപണമുന്നയിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. സര്‍ക്കാരിന്റെ വേട്ടയാടല്‍ വാര്‍ത്തകള്‍ പുറത്തുവന്ന പിന്നാലെ ഇന്നലെയാണ് കെ. രാധാകൃഷ്‌ണന് അപകടം സംഭവിച്ചത്. ഇന്നലെ തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്‌തു വന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.
നടുവിനും തലയ്‌ക്കും പരുക്കേറ്റ് രാധാകൃഷ്‌ണന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്‌ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്‌ണന്‍ തമിഴ്നാട്ടില്‍ സെക്യൂരിറ്റി ജോലി ചെയ്‌തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.
തന്റെ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോള്‍ അദ്ദേഹമത് പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്ന് രാധാകൃഷ്‌ണന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഫസല്‍ വധക്കേസ് അനേ്വഷണത്തില്‍ ആര്‍.എസ്.എസുകാരെ പ്രതികളാക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ കെ.രാധാകൃഷ്‌ണനെ സി.പി.എം വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്‌തമാണ്. പലതവണ കൊലപാതകശ്രമം രാധാകൃഷ്‌ണന് നേരെയുണ്ടായി.
ഇക്കൊല്ലം ഏപ്രില്‍ 30ന് വിരമിക്കുന്നതിന് ഒരുദിവസം മുമ്പ് ആഭ്യന്തരവകുപ്പ് രണ്ടുകാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയതിന്റെ പേരില്‍ പെന്‍ഷനും മറ്റാനുകൂല്യങ്ങളും നഷ്‌ടമായി. ഇതിനു പുറമെ രാധാകൃഷ്‌ണനെതിരേ നിരവധി പരാതികളും ഉയര്‍ത്തുകയും ആഭ്യന്തരവകുപ്പ് അവയുടെ പേരില്‍ ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. ഐപിഎസ് സെലക്ഷന്‍പട്ടികയില്‍നിന്നും പുറത്തായത് അങ്ങനെയാണ്.
സസ്‌പെന്‍ഷന്‍ പത്തുതവണയോളം നീട്ടി. 2020 ഓഗസ്‌റ്റിലാണ് നാലരവര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം സര്‍വീസില്‍ തിരിച്ചുകയറിയത്. വിരമിച്ചശേഷം സാമ്പത്തികമായി വലഞ്ഞ രാധാകൃഷ്‌ണന്‍ തമിഴ്നാട്ടില്‍ സെക്യൂരിറ്റി ജോലിചെയ്യേണ്ടിവന്ന കഥയും വാര്‍ത്തയായിരുന്നു.