പെൻസിൽ കാണാതായതിൽ തർക്കം; നീതി തേടി പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനിൽ

ഹൈദരാബാദ്​: പെൻസിൽ കാണാതായതിലുണ്ടായ തർക്കം പരിഹരിക്കാൻ പോലീസ് സ്റ്റേഷനിലെത്തി പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ. നീതി തേടി പോലീസിനെ സമീപിച്ച കുരുന്നുകളുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. പെൻസിൽ കാണാതായതിനെ തുടർന്ന് പരാതി നൽകാനാണ് കുട്ടികൾ സ്റ്റേഷനിലെത്തിയത്.

ആന്ധ്ര​പ്രദേശിലെ കുർണൂലിലാണ്​ സംഭവം. പെൻസിൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ പരാതി നൽകാൻ പൊലീസ്​ സ്റ്റേഷനിലെത്തുകയായിരുന്നു ഒരു സംഘം കുരുന്നുകൾ. വിദ്യാർഥികൾ പരാതി നൽകാൻ പൊലീസ്​ സ്​റ്റേഷനിലെത്തിയ വിഡിയോ ആ​ന്ധ്ര പ്രദേശ്​ പൊലീസ്​ ട്വിറ്ററിൽ പങ്കുവെച്ചു. പെഡകടുബുരു പൊലീസ്​ സ്​റ്റേഷനിൽ വിദ്യാർഥികൾ പരാതി പറയുന്നത്​ വിഡിയോയിൽ കാണാം.

പ്രൈമറി സ്​കൂൾ വിദ്യാർഥികൾ പോലും ആന്ധ്രപ്രദേശ്​ പൊലീസിനെ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ്​​ പൊലീസ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. സഹപാഠി പെൻസിൽ വാങ്ങിയ ശേഷം തിരികെ നൽകിയില്ലെന്ന്​ ​ഒരു കുട്ടി പറയുന്നത്​ ​വിഡിയോയിൽ കാണാം. ഇതോടെ പൊലീസ്​ ഇരുവരോടും കാര്യങ്ങൾ ചോദിക്കുന്നതും കുട്ടികൾ അവ വിശദീകരിക്കുന്നതും വിഡിയോയിലുണ്ട്​. പെൻസിൽ മോഷണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്യണമെന്നാണ്​ ഒരു കുട്ടിയുടെ ആവശ്യം. ഇരുവരുടെയും പിറകിൽ പ്രശ്​ന പരിഹാരത്തിനായി സ്​റ്റേഷനിലെത്തിയ മറ്റു കുട്ടികളെയും കാണാം.

രണ്ടു പൊലീസുകാർ സംഭവത്തിൽ ഇടപെട്ട ശേഷം പ്രശ്​ന പരിഹാരത്തിന്​ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്​. വിഡിയോയുടെ അവസാനം പ്രശ്നം ഒത്തുതീർപ്പാക്കിയ ശേഷം കൈകൊടുക്കുന്നതും കാണാം. കുട്ടികൾ പൊലീസ്​ സ്​റ്റേഷനിൽ പരാതി പറയാനെത്തിയ വിഡിയോ നിരവധി പേരാണ് കണ്ടത്.