ചെന്നൈ: തമിഴ്നാടിൻ്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, കന്യാകുമാരി, നാഗപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷനും സർക്കാർ ആശുപത്രിയും ഉൾപ്പെടെ വെള്ളക്കെട്ടിനടിയിലായി. തിരുച്ചന്തൂർ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ഇതുവരെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ചെന്നൈ നഗരത്തിലെ ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയ്ക്ക് നൽകിയിരിക്കുന്നത്. കനത്ത മഴയിൽ ചെന്നൈയിൽ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അധികൃതർ. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിൽ തമിഴ്നാട്ടിലും തെക്കൻ-മധ്യകേരളത്തിലും കനത്ത മഴയ്ക്ക് വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്. ചക്രവാതച്ചുഴി നിലനിൽക്കുമ്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നാണ് പ്രവചനം.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി നിലവിൽ കോമറിൻ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾകടലിലെ പുതിയ ന്യൂനമർദ്ദം ആന്തമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.