തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ തെളിവ് നശിപ്പിക്കാനായി ശിശുക്ഷേമ സമിതി കൂട്ടുനില്‍ക്കുകയാണെന്ന് അനുപമ. ഡിഎന്‍എ പരിശോധന ചിത്രീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ പറഞ്ഞു.
ദത്ത് കേസില്‍ വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ല. വിഷയത്തില്‍ സിബിഐ അന്വേഷണം വേണം. ശിശുക്ഷേമ സമിതിയെയും ഷിജുഖാനെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കുഞ്ഞിനെ എയ്ഡന്‍ അനു അജിത്ത് എന്ന് വിളിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡിഎന്‍എ പരിശോധനാഫലം ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്നാണ് സൂചന. ഇന്നലെയാണ് കുഞ്ഞിന്റെയും അനുപമയുടേയും പങ്കാളി അജിത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചത്.
ശിശുക്ഷേമ സമിതിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ജനറല്‍ സെക്രട്ടറി ഷിജുഖാന് കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കുഞ്ഞുങ്ങളെ ദത്ത് നല്കാന് സമിതിയിക്ക് ലൈസന്‍സ് ഉണ്ടെന്നും സമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.
‘ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം,സ്പെഷ്യല്‍ അഡോപ്ഷന്‍ ഏജന്‍സിയ്ക്കുള്ള രജിസിട്രേഷന് സര്‍ട്ടിഫിക്കറ്റ് (25/2017) സമിതിക്കുണ്ട്. 2020 ഡിസംബര്‍ 13 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്ട്രേഷന് 2022വരെ കാലാവധിയുണ്ട്. അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കുന്ന ശ്രമങ്ങളെ അപലപിക്കുന്നു’- സമിതി പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തെ, ഷിജു ഖാന് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ലായെന്നും അനുപമ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച അനുപമയുടെ പേര് പരാമര്‍ശിക്കാതെയാണ് ശിശുക്ഷേമ സമിതി പത്രക്കുറിപ്പ ഇറക്കിയിരിക്കുന്നത്.