മഴ മാറിയതോടെ മൂന്നാറില്‍ അതിശൈത്യം

മൂന്നാര്‍: താൽക്കാലികമായി മഴ മാറിയതോടെ മൂന്നാറില്‍ ഞായറാഴ്‌ച അനുഭവപ്പെട്ടത്‌ അതിശൈത്യം. രാവിലെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട്‌, മാട്ടുപ്പെട്ടി, ലക്ഷ്‌മി, രാജമല എന്നിവിടങ്ങില്‍ ഏഴും തെന്മല, ഗുണ്ടുമല, ചിറ്റുവര എന്നിവടങ്ങളില്‍ അഞ്ച്‌ ഡിഗ്രിയും മാത്രമായിരുന്നു ചൂട്‌.

ശനിയാഴ്‌ച രാവിലെ എട്ടുവരെ മൂന്നാറില്‍ നേരിയ തോതില്‍ മഴ പെയ്‌തെങ്കിലും പിന്നീടു ശക്‌തമായ വെയിലായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ രാത്രിയും ഞായറാഴ്‌ച വെളുപ്പിനും ശക്‌തമായ തണുപ്പ്‌ അനുഭവപ്പെട്ടത്‌. മഴ മാറിനിന്നാല്‍ വരും ദിവസങ്ങളില്‍ തണുപ്പു ശക്‌തമാകുകയും മഞ്ഞുവീഴ്‌ചയുണ്ടാകുകയും ചെയ്യാന്‍ സാധ്യതയുണ്ട്‌.

മുന്‍ വര്‍ഷങ്ങളില്‍ ഒക്‌ടോബര്‍ പകുതിയില്‍ മൂന്നാറില്‍ ശൈത്യകാലം ആരംഭിച്ചിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ താപനില മൈനസില്‍ എത്തുകയും ചെയ്‌തിരുന്നു. ഇത്തവണ മഴ മാറാത്തതാണ്‌ ശൈത്യകാലം തുടങ്ങാന്‍ തടസമായത്. വരും ദിവസങ്ങൾ അതിശൈത്യമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.