പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; കോഴിക്കോട് ട്രെയിംനിംഗ് സെന്റർ അടച്ചു

കോഴിക്കോട് : പെൺകുട്ടികളുടെ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് കോഴിക്കോട് ട്രെയിംനിംഗ് സെന്റർ അടച്ചു. പന്തീരങ്കാവിൽ എഡ്യുസ് പാർക്ക് ഇന്റർനാഷണൽ ലിമിറ്റഡ് നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. 14 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രഭാത ഭക്ഷണത്തിൽ നിന്നായിരുന്നു കുട്ടികൾക്ക് വിഷബാധയേറ്റത്. ഭക്ഷണത്തിന് ശേഷം ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടായതോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി സെന്ററിൽ കൊറോണ വ്യാപനം രൂക്ഷമാണ്. ഇതിനിടെയാണ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയുണ്ടായത്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് സ്ഥാപനം തുടങ്ങിയതെന്ന് വിദ്യാർഥിനികളും രക്ഷിതാക്കളും പരാതിപ്പെട്ടു. കെട്ടിടത്തിനും ട്രെയിനിങ് സെന്ററിനും ഹോസ്റ്റലിനും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി .ഭക്ഷണശാല തുടങ്ങാൻ ഫുഡ് ലൈസൻസ് എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു.