തിരുവനന്തപുരം: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. 20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വി എസ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. പരിപൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞമാസം 31 ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചുദിവസം മുമ്പാണ് വിഎസിനെ വാര്‍ഡിലേക്ക് മാറ്റിയത്.
വാർധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടർന്ന് രണ്ട് വർഷമായി വിശ്രമത്തിലാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു. എൽഡിഎഫ് പിടിച്ചെടുത്ത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പ്രസംഗിച്ചതായിരുന്നു ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം. ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആയിരുന്നു അദ്ദേഹം 98-ാം പിറന്നാൾ ആഘോഷിച്ചത്.