അർഹതപ്പെട്ടവരെ ഒഴിവാക്കി ; കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ ഒന്നാം റാങ്ക് തടയണമെന്ന് ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: യുജിസി ചട്ടപ്രകാരം യോഗ്യതയില്ലാത്ത, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാംറാങ്ക് നൽകിയ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകരുതെന്ന് സിൻ ഡിക്കേറ്റിനോടും ആവശ്യപ്പെട്ടു.

ഗവേഷണ പഠനത്തിന് ചിലവിട്ട കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ, പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് റാങ്ക് നൽകിയിട്ടുള്ളത്. 25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ പ്രവർത്തകനായ അപേക്ഷകനെ രണ്ടാം റാങ്കിലേക്ക് പിന്തള്ളിയാണ് നാല് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള എക്സ് എം. പി. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്.

സംസ്കൃത സർവകലാശാലയിൽ സ്പീക്കർ എം. ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസ്സറെ (ഡോ. ലിസ്സി മാത്യു മലയാളം വകുപ്പ് മേധാവി) രാഗേഷിന്റെ ഭാര്യയുടെ ഇൻറർവ്യൂ ബോർഡിലും അംഗമാക്കി യത് ആസൂത്രിതമായാണ്. സർവകലാശാലകളുടെയും കോളേജുകളുടെയും പ്രവർത്തനം സുഗമമായി നടക്കുമ്പോൾ ആറുപേരുടെ ഇൻറർവ്യൂ നേരിട്ട് നടത്താതെ ഓൺലൈനായി നടത്തിയതിൽ ദുരൂഹതയുണ്ട്.

ബന്ധുനിയമനങ്ങൾക്കുള്ള ഒരു പഴുതായി അഭിമുഖത്തെ മാറ്റരുതെന്നും അർഹതപ്പെട്ടവരെ ഒഴിവാക്കി യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ തയ്യാറാക്കിയിട്ടുള്ള റാങ്ക് പട്ടികയ്ക്ക് സിന്ഡിക്കേറ്റ് അംഗീകാരം നൽകരുതെന്നും
സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ്ശശികുമാർ,സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.