ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം; ശ്രദ്ധേയനായ കെ ആർ വിജയൻ അന്തരിച്ചു

കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ (76)അന്തരിച്ചു. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്.

ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.

കോഫി ഷോപ്പില്‍ മറ്റു ജോലിക്കാരെ ആരെയും നിര്‍ത്താതെ എല്ലാ ജോലികളും ഈ ദമ്പതികള്‍ തനിച്ചു തന്നെയാണ് ചെയ്തിരുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര വിജയന്‍-മോഹന ദമ്പതികളുടെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

ട്രാവല്‍ ബ്ലോഗറായ ഡ്ര്യൂ ബ്ലിന്‍സ്‌കി തയ്യാറാക്കിയ വീഡിയോ ആനന്ദ് റീട്വീറ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.