ഡിജിപിയും എഡിജിപിയുമായി മോൻസൻ ബന്ധം പുലർത്തിയെന്നത് ആശങ്കയോടെയേ കാണാനാകൂവെന്ന് ഹൈക്കോടതി

കൊച്ചി: മോൻസൻ മാവുങ്കൽ വിഷയത്തിൽ ഗൗരവ പരാമർശങ്ങളുമായി വീണ്ടും ഹൈക്കോടതി. ഡിജിപിയും എഡിജിപിയുമായി പ്രതി ബന്ധം പുലർത്തിയെന്നത് ആശങ്കയോടെ മാത്രമേ കാണാനാകൂ എന്നു പറഞ്ഞ കോടതി, കേസിനെ ഒരു തമാശയായി കാണാനാവില്ലെന്നും വ്യക്തമാക്കി. കേസിൽ പ്രവാസി വനിത അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്നു സർക്കാരിനു നിർദേശം നൽകി. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരേക്കാൾ താഴെയുള്ളവരാണു കേസ് അന്വേഷിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകണമെന്നും നിർദേശിച്ചു.

കേസിൽ‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി കക്ഷി ചേർത്തു. ഇഡി സമർപ്പിച്ച അപേക്ഷയിലാണു നടപടി. മോൻസൻ‍ മാവുങ്കലിനെതിരെ അന്വേഷണം ആരംഭിച്ചതായി ഇഡി കോടതിയിൽ അറിയിച്ചു. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിനാലാണ് ഇഡി അന്വേഷണം വൈകിയതെന്നു കോടതിയെ അറിയിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥർ ഇടപെട്ടതിനാലും കേരളത്തിനു പുറത്ത് അന്വേഷണം വേണ്ടതിനാലും സിബിഐ അന്വേഷണമാണ് ഉചിതമെന്ന നിലപാടാണു കേന്ദ്രം കോടതിയിൽ സ്വീകരിച്ചത്.

മോൻസൻ വിഷയത്തിൽ എന്തെല്ലാം കാര്യങ്ങളിലേക്കാണ് ഇഡി അന്വേഷണം ഉണ്ടാകുകയെന്ന ചോദ്യത്തിന്, സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിക്കാനാണ് അധികാരമുള്ളതെന്ന് അവർ അറിയിച്ചു. വിദേശത്തേയ്ക്കു പുരാവസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ മറ്റേതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തുകയാകും ഉചിതമെന്നും വ്യക്തമാക്കി. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വ്യക്തമായ മറുപടി നൽകാൻ ഇഡിയോടു കോടതി നിർദേശിച്ചു. കേസ് ഡിസംബർ ഒന്നിനു പരിഗണിക്കുന്നതിലേക്കു മാറ്റി.