തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ ?; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ തീരുമാനത്തെ വിമർശിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ എന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

‘നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?’ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അനുകമ്പയും കരുതലുമാണ് ഭക്ഷ്യകിറ്റിന് ആധാരമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത് എന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇനിമുതൽ റേഷൻ കട വഴി കിറ്റ് വിതരണം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും ഭക്ഷ്യ മന്ത്രി വ്യക്തമാക്കി.

കൊറോണ സമയത്തെ അവസ്ഥ കണക്കിലെടുത്താണ് കിറ്റ് കൊടുത്തിരുന്നത്‌. ഇനി തുടരേണ്ട സാഹചര്യമില്ലാത്തതിനാലാണ് നിർത്തലാക്കുന്നത്. അതേസമയം ഇന്ധന വിലയാണ് പ്രധാന പ്രശ്നമെന്ന് കൃഷി മന്ത്രി പറഞ്ഞു. വിലക്കയറ്റം തടയാൻ ഹോർട്ടി കോർപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

നേരത്തെ സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞിരുന്നു. ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്നതിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകളുണ്ട്. എന്നാലും വിതരണം നിർത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

മുൻഗണന വിഭാഗങ്ങൾക്ക് മാത്രം കിറ്റ് നൽകിയാൽ പോരെ എന്ന തരത്തിലുള്ള ചർച്ചകൾ പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. സർക്കാർ എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടു കൊണ്ട് കൊറോണ കാലത്തെ പട്ടിണി ഒഴിവാക്കാനായാണ് കിറ്റ് വിതരണം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

നേരത്തെ കൊറോണ കാലത്ത് സർക്കാർ ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അവസാനിപ്പിച്ചതായി വിവരം പുറത്തുവന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഇനിയും കിറ്റ് വിതരണം തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചതായാണ് വിവരം ലഭിച്ചിരുന്നത്.

കൊറോണ ആദ്യ ലോക്ക്ഡൗൺ സമയത്താണ് ഭക്ഷ്യകിറ്റ് വിതരണം സർക്കാർ ആരംഭിച്ചത്. സംസ്ഥാനത്തെ ഉയർന്ന വരുമാനക്കാർ ഉൾപ്പടെ എല്ലാവർക്കും കിറ്റ് ലഭ്യമായിരുന്നു. കഴിഞ്ഞ ഓണക്കാലം വരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 5200 കോടി ചെലവായെന്നാണ് കണക്കുകൾ. 11 കോടി കിറ്റുകളാണ് വിതരണം ചെയ്തത്.