പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച പഴയ മോഡല്‍ വെള്ള മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വടക്കഞ്ചേരി ഭാഗത്തെ ഡ്രൈവിങ് സ്കൂളില്‍ ഉപയോഗിച്ച വാഹനം പൊളിക്കാന്‍ കൊടുത്തതാണെന്നാണ് പ്രാഥമിക വിവരം. പൊളിക്കാന്‍ കൊടുത്ത ഈ വാഹനം വാങ്ങിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ കൊലയാളികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇത് പുറത്തുവിടേണ്ടെന്ന് തീരുമാനിച്ച പോലീസ്, നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാറിന്റെ ഡോര്‍ ഗ്ലാസില്‍ കറുത്ത കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ട്.
കാര്‍ മമ്പറത്തേക്ക് വന്നതിന്റെയും പോയതിന്റെയും ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്. പഴയ മോഡല്‍ കാര്‍ കൃത്യത്തിനു ശേഷം ഉപേക്ഷിക്കപ്പെടുമെന്ന പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റി. നാലുദിവസം പിന്നിട്ട സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കാന്‍ കാര്‍ പൊളിക്കാനും സാധ്യതയുണ്ട്. അതിനിടെ, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എ.ഡി.ജി.പി: വിജയ് സാഖറെ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 8.45 നാണ് മാരുതി കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് നേതൃത്വം നല്കുന്ന സംഘത്തില്‍ പാലക്കാട് ഡിവൈ.എസ്.പി: പി.സി. ഹരിദാസ്, ആലത്തൂര്‍ ഡിവൈ.എസ്.പി: കെ.എം. ദേവസ്യ, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു ഏബ്രഹാം, മീനാക്ഷിപുരം ഇന്‍സ്പെക്ടര്‍ ജെ. മാത്യു, കസബ ഇന്‍സ്പെക്ടര്‍ എ.എന്‍. രാജീവ്, കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടര്‍ എം. ശശിധരന്, നെന്മാറ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ എം. സുജിത് എന്നിവരടക്കം 34 പേരാണുള്ളത്. കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈ.എസ്.പി: പി.സി. ഹരിദാസിനെയോ ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു ഏബ്രഹാമിനെയോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 9497990095, 9497987146.