ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്ന സംഭവം; അക്രമികളുടെ കാറിന്റെ നമ്പർ പെ‍ാളിച്ചുവിൽക്കാൻ കൈമാറിയ വാഹനത്തിന്റേത്

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കിണാശേരി മമ്പ്രത്ത് ഭാര്യയുടെ മുന്നിൽ വെട്ടിക്കൊന്ന സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പെ‍ാളിച്ചുവിൽക്കാൻ കൈമാറിയ വാഹനത്തിന്റേതെന്നു സൂചന. വാഹനം കൈവശം വച്ചയാളെ അന്വേഷണസംഘം കറ്റഡിയിലെടുത്തതായാണു വിവരം. ഇയാളെ ചേ‍ാദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത തേടുകയാണ് അന്വേഷണസംഘം.

വടക്കഞ്ചേരിയിലെ ഡ്രൈവിങ് പരിശീലന സ്ഥാപനം ഉപയേ‍ാഗിച്ചിരുന്ന കാർ കാലപ്പഴക്കം കാരണം ഒന്നര വർഷം മുൻപു ‍പെ‍ാളിക്കാനായി കൈമാറിയതായി സ്ഥാപന ഉടമ പെ‍ാലീസിനു മൊഴി നൽകിയതിനെത്തുടർന്നാണു വാങ്ങിയ ആളെ കസ്റ്റഡിയിലെടുത്തത്. കെ‍ാലയ്ക്കു പിന്നിൽ തികഞ്ഞ ആസൂത്രണമുള്ളതായാണു പൊലീസിന്റെ നിഗമനം. ഉത്തരമേഖലാ ഐജി അശേ‍ാക് യാദവ്, തൃശൂർ റേഞ്ച് ഡിഐജി എ. അക്ബർ, പാലക്കാട് ജില്ലാ പെ‍ാലീസ് മേധാവി ആർ. വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പെ‍ാലീസ് ഉദ്യേ‍ാഗസ്ഥരുടെ യേ‍ാഗം അന്വേഷണ പുരേ‍ാഗതി വിലയിരുത്തി.

ഇതിനിടെ, പ്രതികളുടെ രൂപരേഖ തയാറാക്കാൻ പൊലീസ് ശ്രമം തുടങ്ങി. പ്രതികളെ തിരിച്ചറിയാനാകുമെന്നു സഞ്ജിത്തിന്റെ ഭാര്യ അർഷിക പറഞ്ഞിരുന്നു.
കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രം, ആയുധങ്ങൾ കണ്ടെത്തിയ കണ്ണന്നൂർ എന്നിവിടങ്ങളിൽ ഐജിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. സഞ്ജിത്തിന്റെ വീട് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി സന്ദർശിച്ചു.