മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നു

തൊടുപുഴ: ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നു. മുല്ലപ്പെരിയാറിൽ സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപു ഇടുക്കി തുറക്കുന്നത് കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.

സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലീറ്റര്‍ വെളളം ഒഴുക്കിവിടും. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഇന്നലെ രാത്രി തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.