കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരാൻ ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയതിൽ സന്തോഷമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരാൻ ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയതിൽ ഒരുപാട് സന്തോഷമെന്ന് അനുപമ. കുഞ്ഞിനെ ലഭിക്കാനായി ഒരുപാട് നാളായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം കുഞ്ഞിനെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിലെ വീഴ്ചകൾക്ക് എതിരായ നിയമ പോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു.

ശിശുക്ഷേമ സമിതിയിൽനിന്ന് ഉത്തരവ് കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ. കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി കയ്യിൽ കിട്ടിയെന്ന് അവർ പറഞ്ഞു. അതിൽ ഒരുപാട് സന്തോഷം. എല്ലാം പോസിറ്റീവായാണ് തോന്നുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കൊണ്ടുവരും. എത്രയും പെട്ടന്ന് ഡിഎൻഎ പരിശോധന നടത്തുമെന്നാണ് അറിയുന്നത്.

പരിശോധന നടത്തുന്നതുവരെ കുഞ്ഞിന്റെ ഉത്തരവാദിത്വം ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർക്കാണ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥലത്ത് കുഞ്ഞിനെ പാർപ്പിക്കും എന്നാണ് അറിയുന്നത്. ഓഡർ ലഭിച്ചെങ്കിലും സമരം തുടരും. ആവശ്യങ്ങളിൽ ഒന്നാണ് കുഞ്ഞിനെ തിരികെ ലഭിക്കുക എന്നത്. മറ്റേത് അങ്ങനെ തന്നെ നിൽക്കുന്നു. സംഭവത്തിലെ വീഴ്ചകൾക്ക് എതിരായ നിയമ പോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയിരുന്നു. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. പോലീസ് സംരക്ഷണയിലാണ് ആന്ധ്രപ്രദേശിൽ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തിൽ എത്തിച്ച ശേഷം ഡിഎൻഎ പരിശോധനയും നടത്തും. നിലവിൽ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.