ജോജുവിന്റെ ഇടപെടൽ ആസൂത്രിതം; പെരുമാറ്റം ദുരൂഹം; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തോ?, അന്വേഷിക്കണമെന്ന്‌ കോണ്‍ഗ്രസ്

കൊച്ചി: ഇന്ധന വിലയ്ക്കയറ്റത്തിന് എതിരായ കോൺഗ്രസ് സമരത്തിലെ നടൻ ജോജുവിന്റെ ഇടപെടൽ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്ന് രാവിലെ മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറിൽ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടൻ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. ജോജുവിന്റെ ചെയ്തികൾ സ്വാഭാവികമായിരുന്നില്ലെന്ന് കാണിച്ച് സംഭവമുണ്ടായ ഉടൻ തന്നെ ജോജുവിന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാർ ഉൾപ്പെടെ പറഞ്ഞിരുന്നത്. എന്നാൽ, പരിശോധനയ്ക്ക് കൊണ്ടുപോയി രണ്ടു മിനിറ്റിനകം മദ്യപിച്ചിട്ടില്ലെന്ന റിസൽറ്റ് വന്നു. നടൻ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണം.

അപകടത്തിൽ മരിച്ച മുൻ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാർട്ടിയിൽ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാർട്ടിയിൽ പങ്കെടുത്ത മറ്റാർക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാർട്ടി സംബന്ധിച്ച അന്വേഷണത്തിൽ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങൾ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കൂട്ടിച്ചേർത്തു.