പാലായ്ക്ക് സമീപം ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടു

കോട്ടയം: പാലായ്ക്ക് സമീപപ്രദേശങ്ങളിലും ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളിലും നേരിയ രീതിയിൽ ഭൂചലനം. പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന.

ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ഇതു സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു.

15 സെക്കന്റോളം നീണ്ടു നിൽക്കുന്ന ഒരു മുഴക്കം ഉണ്ടായിരുന്നുവെന്നും ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടുവെന്നും പ്രദേശവാസികൾ പറയുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലും ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി വിവരമുണ്ട്. മറ്റു നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉച്ചയ്ക്ക് 12.03 നാണ് ഇവിടെ ഭൂചലനമുണ്ടായതെന്ന് ജർമൻ ആസ്ഥാനമായ സ്വകാര്യ ഭൂചലന നിരീക്ഷകർ നേരത്തേ അറിയിച്ചിരുന്നു.