കൊച്ചി: ലഹരി മാഫിയ ശക്തിയുടെ സമ്മർദ്ദത്തിന് വഴങ്ങി മിസ് കേരളയും റണ്ണർ അപ്പുമടക്കം മൂന്നു പേരുടെ അപകട മരണം ഒതുക്കാൻ പൊലീസ് നീക്കമെന്ന് ആക്ഷേപം. മോഡലുകൾ മരിക്കാനിടയായ കാറപകടത്തിന് പിന്നിൽ ലഹരി ഉപയോഗവും കാറുകളുടെ മത്സര ഓട്ടവും ലഹരിപ്പാർട്ടിയുമാണെന്ന് വ്യക്തമായിട്ടും ആരെയും ഇതുവരെ പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. കേസുമായി ബന്ധപ്പെട്ട എല്ലാവരുടേയും മൊഴി രേഖപ്പെടുത്തി കേസ് ഫയൽ ക്ലോസ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത് അപകടം ഉണ്ടായ കാറോടിച്ച ഡ്രൈവർ അബ്ദുൾ റഹ്മാനെ ആയിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെങ്കിലും ഇന്നലെ ഇയാൾക്ക് ജാമ്യം കിട്ടി. അപകടത്തിന് കാരണമായ മത്സര ഓട്ടത്തിൽ പങ്കെടുത്ത ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു.
ഒക്ടോബർ 31 ന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്. മുൻ മിസ് കേരള ജേതാവ് അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണമായത് പാർട്ടി നടന്ന ഹോട്ടലിൽ നിന്നും കാറുകൾ തമ്മിൽ മത്സരയോട്ടം നടത്തിയതാണെന്ന് സമ്മതിച്ച് ഔഡി കാർ ഡ്രൈവർ ആയ ഷൈജു മൊഴി നൽകിയിരുന്നു.
ഹോട്ടലിൽ നിന്ന് ഇരുവരും കൂടി നൃത്തം ചെയ്ത് ഇറങ്ങിവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടെ നിന്നിറങ്ങിയപ്പോൾ തന്നെ മത്സരയോട്ടവും തുടങ്ങുകയായിരുന്നു. മോഡലുകളുടെ മരണത്തിനിടയായ അപകടം നടക്കുന്നതിന് മുമ്പ് നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്ക് ഒരു വിഐപി ഉണ്ടായിരുന്നുവെന്ന കഥയും പ്രചരിക്കുന്നുണ്ട്. ഇത് ഒരു നടനാണെന്നും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് തീർത്തും വാസ്തവ വിരുദ്ധമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ ഹോട്ടലിൽ അന്ന് പ്രചരണത്തിൽ പെട്ട നടൻ ഉണ്ടായിരുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചെന്ന് റിപ്പോർട്ടുണ്ട്.
മുമ്പും ഏറെ വിവാദങ്ങളിൽ കുടുങ്ങിയ സിനിമാ നിർമ്മാതാവാണ് ഈ വിവാദത്തിലേയും വില്ലൻ എന്നാണ് സൂചന. നടനിലേക്ക് ചർച്ചകൾ കൊണ്ടു പോകുന്നതിന് പിന്നിൽ ചില രാഷ്ട്രീയ പ്രതികാരങ്ങളും ഉണ്ടെന്നാണ് സൂചന. ലഹരിയുമായി ബന്ധപ്പെട്ട് മുമ്പും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നമ്പർ 18 ഹോട്ടൽ ഉടമയുടെ സുഹൃത്താണ് ഈ നിർമ്മാതാവ്.
സിനിമയിലെ ‘കാന്താരി’ എന്നാണ് ഇയാളെ സുഹൃത്തുക്കൾ പോലും വിളിക്കുന്നത്. കുരുത്തക്കേടുകൾ ഏറെയുള്ളതു കൊണ്ടാണ് ഇയാളെ കാന്താരി എന്ന് അടുപ്പക്കാർ വിളിക്കുന്നത്. ഈ സിനിമാക്കാരനും ഉന്നത ബന്ധങ്ങളുണ്ട്. ഇതെല്ലാം ഈ കേസിനേയും അട്ടിമറിക്കുമെന്നാണ് സംശയം.
മയക്കു മരുന്ന് ലോബി സിനിമയിൽ പിടിമുറക്കുന്നതിന് തെളിവാണ് കൊച്ചിയിലെ അപകടമെന്ന തരത്തിലേക്കാണ് ചർച്ചകൾ പോകുന്നത്. മുമ്പ് നടിയെ ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോഴും ഇത്തരം ചർച്ചകൾ സജീവമായിരുന്നു. നമ്പർ 18 ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങൾ നഷ്ടമായതിന് പിന്നിൽ ഈ നിർമ്മാതാവിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന ‘വിഐപി’യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം സ്ഥിരീകരിക്കാൻ ഈ സിസിടിവി ദൃശ്യങ്ങൾ അനിവാര്യമാണ്.
ഒക്ടോബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.
കാറിന്റെ അമിത വേഗവും ലഹരി ഉപയോഗവുമാണ് അപകടത്തിനും മരണത്തിനും കാരണം എന്ന് പൊലീസ് പറയുമ്പോഴും ഡ്രൈവർ മാത്രം എങ്ങനെ രക്ഷപെട്ടു എന്ന ചോദ്യമാണ് ഉയരുന്നത്. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരുടെ മരണത്തിന് ഇടയാക്കിയത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തതാണെന്ന് വെളിപ്പെടുമ്പോഴും അപകടത്തിന് പിന്നിലെ ദുരൂഹത മുഴുവനായും നീങ്ങുന്നില്ല.
മോഡലുകളെ ചതിയിൽ പെടുത്തി ഹോട്ടലിൽ എത്തിച്ചതാണോ എന്നും സംശയമുണ്ട്. സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിൽ. ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങൾ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പർ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾതന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.
രാത്രി ഒരുമണിയോട് അടുത്ത സമയത്താണു ബൈപ്പാസിൽ അപകടം നടക്കുന്നത്. വാഹനത്തിന്റെ അതിവേഗമായിരുന്നു അപകട കാരണം എന്നതിൽ തർക്കമില്ല. മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്നു പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നവർ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യേണ്ടെന്നു പറഞ്ഞതു കേൾക്കാതെയാണ് ഇറങ്ങിയത്.
അപകടം നടന്ന ശേഷം പൊലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്ന അബ്ദുൾ റഹ്മാൻ. രൂക്ഷമായ ഗന്ധമുണ്ടായിരുന്നതിനാൽ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചതാണ് അപകട കാരണമായത് എന്ന് ഉറപ്പായിരുന്നു എന്ന് അപകട സ്ഥലത്തെത്തിയ പൊലീസുകാരനും പറയുന്നു.
ലഹരി ഉപയോഗിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടമുണ്ടാക്കിയത് എങ്കിലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതാണു ദുരന്ത വ്യാപ്തി വർധിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. അത്ര വലിയൊരു അപകടത്തിൽ നിന്നു ഡ്രൈവർ മാത്രം എങ്ങനെ രക്ഷപെട്ടു എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്നതും എയർ ബാഗ് ഉപയോഗിച്ചിരുന്നു എന്നതുമാണ് ഒരു ജീവനെങ്കിലും ബാക്കിയാകാൻ കാരണം. കൈയ്ക്കും മുഖത്തിനുമേറ്റ ചെറിയ പരുക്ക് ഒഴിവാക്കിയാൽ ഡ്രൈവർക്കു കാര്യമായ പരുക്കുണ്ടായിരുന്നില്ല. കാറിന്റെ ഇടതു ഭാഗമാണു മരത്തിലേക്ക് ഇടിച്ചു കയറിയത് എന്നതിനാൽ മുൻ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മരത്തിനും ഇടയിൽ ഞെങ്ങിഞെരുങ്ങിയ നിലയിലായിരുന്നു.
ഇത്ര വലിയൊരു അപകടത്തിൽ സീറ്റ് ബെൽറ്റും എയർബാഗും മരണം ഒഴിവാക്കാൻ സഹായിക്കുന്നതായിരുന്നില്ല. പിൻസീറ്റിലിരുന്ന രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ കാറിന്റെ ഡോർ തുറന്നു പുറത്തേയ്ക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു ചോരവാർന്നു കിടക്കുന്ന നിലയിലാണു പൊലീസ് കണ്ടെത്തുന്നത്. സ്ഥലത്തു തന്നെ മരണവും സ്ഥിരീകരിച്ചിരുന്നു.
അപകടങ്ങളിൽ വാഹനത്തിന്റെ വാതിൽ ലോക്കാണെങ്കിലും തുറന്നു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ വാഹനം തകർന്ന അവസ്ഥ വച്ച് ശരീരത്തിനു ഗുരതര പരുക്കേൽക്കുമായിരുന്നു, ശരീരവും ഞെങ്ങി ഞെരുങ്ങി മരണ സാധ്യത തള്ളിക്കളയാനാവില്ല, ഒരുപക്ഷെ ജീവൻ ബാക്കിയാകാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞു മരിച്ച യുവാവ് ഇനി രക്ഷപെട്ടിരുന്നെങ്കിലും ശരീരം തളർന്ന നിലയിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. തലച്ചോർ അത്രയേറെ തകർന്നു കലങ്ങിയിരുന്നു. മരണം ഉറപ്പിച്ച അവസ്ഥയിൽ തന്നെയാണ് പൊലീസ് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നിൽ വലതു വശത്ത് സീറ്റ് ബെൽറ്റ് ഇല്ലാതെ ഇരുന്ന ഇദ്ദേഹം ഡ്രൈവർ സീറ്റിനു മുകളിലൂടെ തെറിച്ചു മുൻവശത്തെ ഗ്ലാസ് തകർത്തു പുറത്തേയ്ക്ക് തെറിച്ചിരുന്നു.
അതേസമയം ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ നിർണായക ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ റോയ് വയലാട്ട് കൈമാറിയെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് കൈമാറിയത്. ഒരു ഡിവിആർ കൂടി ലഭിക്കാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫ് വയലാട്ടിലിനെ അസിസ്റ്റൻ്റ് കമ്മീഷണർ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണം പൊലീസിന് കൈമാറിയാതായി എസിപി അറിയിച്ചു.
ജീവനക്കാരുടെ മൊഴി പ്രകാരം ഹാർഡ് ഡിസ്‌ക്കുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയ് ഹാജരായിരുന്നില്ല. തുടർന്ന് ഇന്നലെ നിയമപരമായി നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. ഡിവിആറുമായി ഹാജരാകണം എന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 91 പ്രകാരമാണ് നോട്ടിസ് നൽകിയത്.
അപകടത്തിൽ മരിച്ച അൻസി കബീറിന്റെ അച്ഛൻ അബ്ദുൽ കബീറു൦ ബന്ധുക്കളു൦ കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യ൦. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കൾ അറിയിച്ചു.